ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഏകാഗ്രതക്കുറവ്. എന്തു ചെയ്താലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ, നിങ്ങൾക്ക് 'ബ്രെയിൻ റോട്ട്' (Brain Rot) ഉണ്ടായേക്കാം. ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ അവസ്ഥയിലുണ്ടാകുന്ന അപചയത്തെയാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്.

ബ്രെയിൻ റോട്ടിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വീഡിയോകൾ സാധാരണ വേഗതയിൽ കാണാൻ കഴിയാതെ വേഗത്തിൽ സ്കിപ്പ് ചെയ്ത് കാണുന്നവരിൽ ഈ അവസ്ഥ കണ്ടുവരുന്നു. സിനിമ കാണുമ്പോൾ പോലും ഫോണിൽ നോക്കി സമയം ചെലവഴിക്കുന്നതും, ചെറിയൊരു വിരസത അനുഭവപ്പെടുമ്പോൾ പോലും ഫോണിനെ ആശ്രയിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അമിതമായി സമയം ചെലവഴിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷണം കഴിക്കുമ്പോൾ പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത അവസ്ഥ, ഉറക്കമുണർന്നാലുടൻ ഫോൺ പരിശോധിക്കുന്ന ശീലം എന്നിവ ബ്രെയിൻ റോട്ടിന്റെ സൂചനകളാണ്. അവസാനമായി എപ്പോഴാണ് ഫോൺ ഉപയോഗിക്കാതെ നിങ്ങൾ സമയം ചെലവഴിച്ചത് എന്ന് ഓർത്തെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണോ നിങ്ങളുടേത്? മറ്റൊരാളോട് സംസാരിക്കുമ്പോൾ പോലും പൂർണ്ണ ശ്രദ്ധ നൽകാൻ കഴിയാത്തതും ഇതിന്റെ ഭാഗമാണ്.

ഈ ലക്ഷണങ്ങളെല്ലാം നിങ്ങളിൽ പ്രകടമാണെങ്കിൽ, നിങ്ങളുടെ മനസ്സിന് ഒരു 'റീസെറ്റ്' അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ ലോകത്തുനിന്നും അല്പനേരം മാറിനിൽക്കുന്നതും ബോധപൂർവ്വമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

Photo and News Source: Kairali News