ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ പുതിയ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ഛത്രപതി സംഭാജി നഗറിന് സമീപമുള്ള ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പ്ലാന്റ് ഒരുങ്ങുന്നത്. 2029-ന്റെ ആദ്യ പകുതിയോടെ ഇവിടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എസ്‌യുവികള്‍ക്കും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ടൊയോട്ടയുടെ ഈ വന്‍ നിക്ഷേപം. ആഭ്യന്തര വിപണിക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രധാന കയറ്റുമതി കേന്ദ്രമായും ഈ പ്ലാന്റ് പ്രവര്‍ത്തിക്കും. പ്രതിവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് വഴി ഏകദേശം 2,800 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പുതിയ പ്ലാന്റില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വാഹനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാന്‍ഡ് ക്രൂയിസര്‍ FJ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ് ക്രൂയിസര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും ഇത്. ഓഫ്-റോഡ് യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ വാഹനം കോംപാക്ട് ഡിസൈനിലും ആധുനിക ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളിലുമായിരിക്കും വിപണിയിലെത്തുക.
ഫോര്‍ച്യൂണര്‍, ഹൈലക്‌സ് തുടങ്ങിയ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടൊയോട്ടയുടെ ഐഎംവി (IMV) ലാഡര്‍-ഫ്രെയിം പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ എസ്‌യുവി നിര്‍മ്മിക്കുക. ഏകദേശം 4.57 മീറ്റര്‍ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് മികച്ച ഓഫ്-റോഡ് ശേഷി ഉണ്ടായിരിക്കും. ഇന്ത്യയില്‍ ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കി 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലോ ഹൈബ്രിഡ് വകഭേദങ്ങളിലോ വാഹനം പുറത്തിറങ്ങാനാണ് സാധ്യത. കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ടൊയോട്ടയുടെ ഈ നീക്കം.
Photo and News Source: DriveSpark







