ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട തങ്ങളുടെ ആദ്യത്തെ ഫുള്‍-സൈസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ 'WN7' ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു. 2024-ലെ EICMA മോട്ടോര്‍ ഷോയില്‍ 'ഫണ്‍' (Fun) എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച കോണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പാണിത്. ഹോണ്ടയുടെ ഇലക്ട്രിക് നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാങ്കേതികമായി ഏറെ മുന്നിട്ടുനില്‍ക്കുന്ന WN7-ല്‍ 9.3kWh ബാറ്ററി പായ്ക്കാണ് ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്. 11kW, 18kW എന്നിങ്ങനെ രണ്ട് മോട്ടോര്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. 18kW പതിപ്പ് 50kW വരെ പവര്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, രണ്ട് മോഡലുകളിലും 100Nm ടോര്‍ക്ക് ലഭ്യമാകും. സാധാരണ ടൈപ്പ് 2 ചാര്‍ജറുകള്‍ക്ക് പുറമെ, കാറുകളില്‍ കാണാറുള്ള CCS2 ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ സഹായകമാകും.

സുരക്ഷയ്ക്കും റൈഡിംഗ് അനുഭവത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട്, റെയിന്‍, ഇക്കോണ്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകള്‍ വാഹനത്തിലുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, സിംഗിള്‍ സൈഡഡ് സ്വിംഗ് ആം എന്നിവ വാഹനത്തിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. ഗ്ലോസ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാണ്.

യുകെ വിപണിയില്‍ ഏകദേശം 16.80 ലക്ഷം രൂപ വിലവരുന്ന ഈ ബൈക്ക് ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ (IPR) ഭാഗമായിട്ടാകാം ഹോണ്ട ഈ പേറ്റന്റ് ഫയല്‍ ചെയ്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ഹോണ്ടയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കുള്ള കടന്നുവരവ് ഇന്ത്യന്‍ വാഹന പ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Photo and News Source: DriveSpark