കാസര്‍കോട് കുമ്പള സ്വദേശിനിയായ പ്രഫുല്ലയാണ് പ്രതിശ്രുത വരന്റെ മരണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശിയായ മണിയുമായി നാല് മാസം മുന്‍പാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് വലിയ പ്രതീക്ഷകളോടെ കടന്നുവന്ന കാലഘട്ടത്തിലായിരുന്നു വിധി വില്ലനായെത്തിയത്.

ഒരു മാസം മുന്‍പ് ഉണ്ടായ ബൈക്കപകടത്തില്‍ മണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പ്രിയതമന്റെ വിയോഗം പ്രഫുല്ലയെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നുവെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വീട്ടുകാര്‍ മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രഫുല്ല ജീവനൊടുക്കിയത്. വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

തന്റെ പ്രിയതമന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ തനിക്കും അന്ത്യവിശ്രമം വേണമെന്ന ഹൃദയഭേദകമായ ആഗ്രഹമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്ത് തന്നെ പ്രഫുല്ലയെയും സംസ്‌കരിക്കുന്ന കാര്യത്തില്‍ ഇരു കുടുംബങ്ങളും ധാരണയിലെത്തിയതായാണ് വിവരം.

Photo and News Source: Samakalika Malayalam