ഭാര്യയെ മൃഗത്തെപ്പോലെ കണക്കാക്കാൻ ഭർത്താവിന് യാതൊരു അവകാശവുമില്ലെന്നും, അന്തസ്സോടെ ജീവിക്കാൻ ഓരോ സ്ത്രീക്കും അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗാർഹിക പീഡനക്കേസിലെ പ്രതിയായ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. പട്ന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
മദ്യലഹരിയിൽ പ്രതി തന്റെ ആദ്യ ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായാണ് കേസ്. സ്ത്രീയെ തറയിലേക്ക് തള്ളിയിട്ട ശേഷം തല ഇഷ്ടികയിൽ ഇടിക്കുകയും വടി കൊണ്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. താൻ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നും പരാതിക്കാരി തന്റെ ഭാര്യയല്ലെന്നും പ്രതി വാദിച്ചെങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. ഭാര്യയെ മൃഗത്തെപ്പോലെ കൈകാര്യം ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് ജസ്റ്റിസ് വരാലെ വ്യക്തമാക്കി.
പ്രതിയുടെ പ്രവർത്തികളെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, റെഗുലർ ജാമ്യത്തിന് ശ്രമിക്കാൻ നിർദ്ദേശിച്ചു. "നിങ്ങൾക്ക് മൂന്ന് ഭാര്യമാരുണ്ട്. ശാരീരികമായി ഉപദ്രവിക്കുന്നത് തുടർന്നാൽ ഈ സ്ത്രീകളും ഒടുവിൽ നിങ്ങളെ ഉപേക്ഷിച്ചു പോകും" എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാർഹിക പീഡന പരാതികളിൽ ഭൂരിഭാഗവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്നും, മദ്യപിച്ചെത്തി ഭർത്താക്കന്മാർ നടത്തുന്ന ശാരീരിക ഉപദ്രവങ്ങളാണ് സ്ത്രീകളുടെ പ്രധാന പരാതിയെന്നും കോടതി നിരീക്ഷിച്ചു.
Photo and News Source: Siraj Live










