തമിഴ്‌നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തന്ത്രപരമായ നീക്കങ്ങളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ). മുതിർന്ന നേതാവും പരിചയസമ്പന്നനുമായ ജെസിഡി പ്രഭാകറിനെ സ്പീക്കർ സ്ഥാനാർഥിയായി പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം ഇതിനകം നിയമസഭാ സെക്രട്ടറിക്ക് തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.

ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ജെസിഡി പ്രഭാകറിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ സഭാ നടപടികൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാമെന്നാണ് ടിവികെ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. 73 വയസ്സുകാരനായ പ്രഭാകർ 1980-ൽ തന്റെ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് എഐഎഡിഎംകെ ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് ടിവികെയിൽ ചേർന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് പ്രഭാകർ വിജയം ഉറപ്പിച്ചത്. പ്രതിപക്ഷ നിരയിൽ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സജീവമാകുന്ന സാഹചര്യത്തിൽ, സഭയെ നിയന്ത്രിക്കാൻ പ്രഭാകറിന്റെ അനുഭവസമ്പത്ത് ടിവികെയ്ക്ക് വലിയ മുതൽക്കൂട്ടാകും. അതേസമയം, തുറയൂർ എംഎൽഎ എം രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയായും ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്.

Photo and News Source: Asianet News