നീറ്റ് (NEET-UG) പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സികാർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നായി 13 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിൽ കോച്ചിംഗ് സെന്റർ ഉടമകളും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ചോദ്യം ചെയ്യലിനായി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് സികാറിൽ ഒരു ചോദ്യാവലി പ്രചരിച്ചിരുന്നു. ഈ ചോദ്യാവലിയിലെ 600-ഓളം ചോദ്യങ്ങൾ യഥാർത്ഥ നീറ്റ് ചോദ്യപ്പേപ്പറുമായി സാമ്യമുള്ളതാണെന്ന് രാജസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 20,000 മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കി ഏകദേശം 30,000 ചോദ്യാവലികൾ വിറ്റഴിച്ചതായാണ് വിവരം.
കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപ്പേപ്പർ ചോർത്തലിന് പിന്നിലെ പ്രധാനിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് യാദൃച്ഛികമായ സാമ്യമാണോ അതോ ആസൂത്രിതമായ ചോർച്ചയാണോ എന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനകൾ തുടരുകയാണ്.
Photo and News Source: Kerala Kaumudi Latest








