കെ. കരുണാകരനും സോണിയാ ഗാന്ധിയും തമ്മിൽ അകലാൻ കാരണം താനാണെന്ന കെ.വി. തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെ പത്മജാ വേണുഗോപാൽ രംഗത്ത്. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കെ.വി. തോമസിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പത്മജ പ്രതികരിച്ചത്. കാര്യസാധ്യത്തിനായി എന്ത് നുണയും പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും, കുടുംബാംഗത്തെപ്പോലെ കരുതിയ വ്യക്തിയാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കെ. കരുണാകരൻ കൈപിടിച്ചുയർത്തിയ വ്യക്തിയാണ് കെ.വി. തോമസ് എന്നും, എന്നാൽ അവസരം കിട്ടിയപ്പോൾ അദ്ദേഹം കോൺഗ്രസ് വിട്ട് പിണറായി വിജയന്റെ അടുത്തേക്ക് പോയെന്നും പത്മജ പറഞ്ഞു. ഇപ്പോൾ എങ്ങുമില്ലാത്ത അവസ്ഥയിലായ അദ്ദേഹം പുസ്തകം വിറ്റ് ജീവിക്കാൻ വേണ്ടിയാണ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതെന്ന് അവർ പരിഹസിച്ചു. അദ്ദേഹത്തെക്കുറിച്ച് സത്യങ്ങൾ എഴുതിയാൽ പേനപോലും വൃത്തികേടാകുമെന്നും, തന്റെ കൈവശം തെളിവുകളുണ്ടെന്നും പത്മജ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുമായി തനിക്ക് അവസാനം വരെ നല്ല ബന്ധമായിരുന്നുവെന്നും, കോൺഗ്രസ് വിട്ടത് ഇവിടുത്തെ നേതാക്കളുടെ പ്രശ്നങ്ങൾ കൊണ്ടാണെന്നും അവർ വിശദീകരിച്ചു. താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പല മുതിർന്ന നേതാക്കൾക്കും വിഷമമുണ്ടാക്കും എന്നതുകൊണ്ടാണ് മൗനം പാലിക്കുന്നത്. എന്നാൽ ഇനിയും ഇത്തരം ആരോപണങ്ങൾ തുടർന്നാൽ പഴയ കാര്യങ്ങൾ തെളിവ് സഹിതം വിളിച്ചുപറയാൻ താൻ മടിക്കില്ലെന്നും പത്മജ മുന്നറിയിപ്പ് നൽകി.
തൃശൂർ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും പത്മജ തന്റെ നിലപാട് വ്യക്തമാക്കി. ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും, യുഡിഎഫിലേക്ക് പിണറായി വിജയനെതിരെയുള്ള വോട്ടുകൾ ഒഴുകിയതാകാം പരാജയത്തിന് കാരണമെന്നും അവർ പറഞ്ഞു. ഇക്കാര്യം പാർട്ടി നേതാക്കളോട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.
Photo and News Source: Janmabhumi










