തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'ഇവിടെ പാർട്ടിയാണ് വേണ്ടത്, വ്യക്തികളല്ല, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചു തരൂ' എന്ന സന്ദേശമാണ് ബോർഡിലുള്ളത്. കൂടാതെ, 'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ' എന്ന മുദ്രാവാക്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'കുളത്തൂർ സഖാക്കൾ' എന്ന പേരിലാണ് ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ശ്യാം മോഹന്റെ ചിത്രവും ഇതിൽ പതിച്ചിട്ടുണ്ട്. ശബരിമല സ്വർണ്ണക്കള്ളക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടകംപള്ളിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലുകൾ നേരത്തെ തന്നെ സജീവമായിരുന്നു.
നേരത്തെ പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത നിലനിന്നിരുന്നു. ബിജെപിയും സിപിഐഎമ്മും തമ്മിൽ ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ, ഒടുവിൽ വോട്ടെണ്ണലിൽ അനിശ്ചിതത്വം നിലനിന്ന ശേഷം മണ്ഡലം കൈവിട്ടുപോയത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
Photo and News Source: Janmabhumi










