ഒറ്റപ്പാലം തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടിൽ സേലം സ്വദേശിനിയായ കൃഷ്ണവേണിയെ (25) മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പത്തുവർഷത്തോളമായി ഈ കുടുംബം ഒറ്റപ്പാലം മേഖലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

മണികണ്ഠൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്ന സംശയത്തെത്തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൊർണൂർ ഡിവൈഎസ്പി സജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും ശാസ്ത്രീയ പരിശോധനാ വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Photo and News Source: Media Mangalam