തമിഴ്‌നാട് നിയമസഭയുടെ പുതിയ സമ്മേളനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് സഭയുടെ ആദ്യദിനത്തില്‍ നടന്നത്. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ആദ്യം എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് പിന്നാലെ ടിവികെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിന്‍ സത്യവാചകം ചൊല്ലി. മുന്‍ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭയുടെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ നാളെ നടക്കും. സഭയിലെ സുപ്രധാനമായ ഈ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.
അതേസമയം, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകള്‍ തടഞ്ഞ സംഭവത്തില്‍ വിവാദങ്ങള്‍ തുടരുകയാണ്. ഇതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇത്തരം നടപടികളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
Photo and News Source: Siraj Live









