സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നത്. ഫോൺ വെറുതെ വച്ചാൽ പോലും ചാർജ് കുറയുന്നത് പലരെയും അലട്ടുന്നുണ്ട്. എന്നാൽ, ഫോണിലെ ചില ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും.
ആദ്യം ചെയ്യേണ്ടത് ഫോണിൽ ഏറ്റവും കൂടുതൽ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുകയാണ്. ഫോൺ സെറ്റിങ്സിലെ 'ബാറ്ററി' ഓപ്ഷൻ പരിശോധിച്ചാൽ ഇത് വ്യക്തമാകും. അമിതമായി ചാർജ് ഉപയോഗിക്കുന്നതും എന്നാൽ ആവശ്യമില്ലാത്തതുമായ ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതാണ് ഉചിതം. കൂടാതെ, ഫോണിലെ ഓട്ടോ ബ്രൈറ്റ്നസ് ക്രമീകരിക്കുന്നത് ബാറ്ററി ലാഭിക്കാൻ സഹായിക്കും.
ജിപിഎസ് (GPS) എപ്പോഴും ഓണാക്കി വയ്ക്കുന്നത് ബാറ്ററി ചാർജിനെ കാര്യമായി ബാധിക്കും. അതിനാൽ മാപ്പുകളോ ഓൺലൈൻ ടാക്സി സേവനങ്ങളോ ഉപയോഗിക്കുമ്പോൾ മാത്രം ലൊക്കേഷൻ ഓണാക്കുക. അതുപോലെ, ആവശ്യമില്ലാത്ത സമയങ്ങളിൽ വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫാക്കി ഇടാൻ ശ്രദ്ധിക്കണം. ഇവ എപ്പോഴും ഓണായിരിക്കുന്നത് കണക്ടിവിറ്റി സെർച്ച് ചെയ്തുകൊണ്ടിരിക്കാൻ കാരണമാവുകയും ബാറ്ററി വേഗത്തിൽ തീരുകയും ചെയ്യും.
ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) അപ്ഡേറ്റുകൾ കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കുക. പല അപ്ഡേറ്റുകളും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ സഹായിക്കുന്നവയായിരിക്കും. ഫോൺ അമിതമായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക, എപ്പോഴും കമ്പനി നൽകുന്ന ഒറിജിനൽ ചാർജറുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ, ഫോൺ അമിതമായി ചൂടാകാതെ സൂക്ഷിക്കുന്നതും ബാറ്ററി ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
Photo and News Source: Kairali News









