തെലുങ്ക് ചലച്ചിത്ര നടനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ കെ ഭരത് കാന്ത് വാഹനാപകടത്തിൽ ദാരുണമായി അന്തരിച്ചു. 31 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഭരതിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും ജീവൻ നഷ്ടമായി.

അപകടം നടന്ന ഉടൻ തന്നെ ഇരുവരും മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന ഭരതിന് ഇൻസ്റ്റഗ്രാമിൽ 40,000 ഫോളോവേഴ്സും യൂട്യൂബിൽ 30,000 സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നു. 'ടെനന്റ്', 'ഗ്രാമം' തുടങ്ങിയ തെലുങ്ക് സിനിമകളിലും വിവിധ വെബ് സീരീസുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗ വാർത്തയ്ക്ക് പിന്നാലെ, ഭരത് അവസാനമായി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ബാങ്കോക്കിലെ ഒരു മാളിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം 'നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്' എന്ന വരികളാണ് അദ്ദേഹം കുറിച്ചിരുന്നത്. അപ്രതീക്ഷിതമായ ഈ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും വലിയ ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്.

Photo and News Source: Asianet News