തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2026 ജൂൺ 4-ന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ലയുടെ വാക്കുകൾ ഇപ്പോൾ സിനിമാലോകത്ത് ശ്രദ്ധ നേടുകയാണ്. തന്റെ പത്ത് വർഷത്തെ കരിയറിൽ ഇത്രയധികം ആവേശഭരിതമായ മറ്റൊരു പ്രോജക്റ്റ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 70-കളിലും 80-കളിലും വിജയനഗരം പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകർക്ക് സെറ്റാണെന്ന് തോന്നാത്ത വിധം സ്വാഭാവികമായ അന്തരീക്ഷം ഒരുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അവിനാഷ് വ്യക്തമാക്കി.

ചിത്രത്തിനായി 70-ഓളം സെറ്റുകളാണ് അവിനാഷും സംഘവും നിർമ്മിച്ചത്. ഇതിനായി ഒരു വർഷത്തിലേറെ നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്നു. ഓരോ സെറ്റിനും മിനിയേച്ചറുകൾ തയ്യാറാക്കിയിരുന്നു. ഹൈദരാബാദിലെ ഒരു ഭൂത് ബംഗ്ലാവിനുള്ളിൽ ഹിൽ സ്റ്റേഷൻ പട്ടണം വരെ ഇവർ പുനർസൃഷ്ടിച്ചു. പ്രകൃതിദത്ത വെളിച്ചത്തിൽ ചിത്രീകരണം സാധ്യമാക്കാൻ തുറന്ന ഗ്രൗണ്ടുകളിലാണ് സെറ്റുകൾ ഒരുക്കിയത്. ഗുസ്തിയും ക്രിക്കറ്റും ഉൾപ്പെടെയുള്ള രംഗങ്ങൾക്കായി അതീവ ശ്രദ്ധയോടെയാണ് ഓരോ സജ്ജീകരണവും പൂർത്തിയാക്കിയത്.

രാം ചരണിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും 'പെദ്ധി' എന്ന് സംവിധായകൻ സുകുമാർ അഭിപ്രായപ്പെട്ടതായി അവിനാഷ് പറഞ്ഞു. ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹകൻ രത്ന വേലുവുമായുള്ള മികച്ച ഏകോപനം ചിത്രത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുമെന്നും അവിനാഷ് കൂട്ടിച്ചേർത്തു.

Photo and News Source: Asianet News