കടുത്ത വേനലിന് ശേഷം മഴ എത്തിയതോടെ റോഡപകടങ്ങളുടെ സാധ്യതയും വർധിച്ചിരിക്കുകയാണ്. മഴയുള്ള സമയങ്ങളിൽ റോഡുകളിൽ വാഹനങ്ങൾ തെന്നി മറിയുന്നത് പതിവാണ്. ഇതിന് പ്രധാന കാരണമായി മാറുന്നത് 'ഹൈഡ്രോപ്ലാനിങ്' അഥവാ 'അക്വാപ്ലാനിങ്' എന്ന പ്രതിഭാസമാണ്. റോഡിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ വാഹനത്തിന്റെ ടയറുകൾക്ക് റോഡുമായുള്ള പിടി നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
സാധാരണഗതിയിൽ, വാഹനത്തിന്റെ ടയറുകൾ റോഡിലെ വെള്ളത്തെ വശങ്ങളിലേക്ക് തള്ളിക്കളഞ്ഞാണ് മുന്നോട്ട് പോകുന്നത്. എന്നാൽ വാഹനത്തിന്റെ വേഗത കൂടുമ്പോൾ, ടയറുകൾക്ക് പുറന്തള്ളാൻ കഴിയുന്നതിലും അധികം വെള്ളം ടയറിനടിയിൽ അടിഞ്ഞുകൂടുന്നു. ഈ വെള്ളം ടയറിനും റോഡിനും ഇടയിൽ ഒരു പാളി പോലെ രൂപപ്പെടുകയും, തൽഫലമായി വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതാണ് അക്വാപ്ലാനിങ്.
അമിത വേഗതയാണ് അക്വാപ്ലാനിങ് സംഭവിക്കുന്നതിനുള്ള പ്രധാന കാരണം. കൂടാതെ, ടയറുകളുടെ അവസ്ഥ, വാഹനത്തിന്റെ ഭാരം, ടയറിന്റെ വീതി, റോഡിലെ വെള്ളത്തിന്റെ അളവ് എന്നിവയും ഈ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. മഴയുള്ള സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.
ടയറുകളുടെ ട്രെഡ് കൃത്യമായി പരിശോധിക്കുന്നതും, മഴയുള്ളപ്പോൾ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കുന്നതും ജീവൻ രക്ഷിക്കാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ടുള്ളപ്പോൾ പെട്ടെന്നുള്ള ബ്രേക്കിംഗോ വെട്ടിത്തിരിക്കലോ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
Photo and News Source: Kairali News









