പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ പരിഷ്കാരവുമായി ഇന്ത്യ പോസ്റ്റ് രംഗത്ത്. ഇനി മുതൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലെ നോമിനി വിവരങ്ങൾ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി പുതുക്കാൻ സാധിക്കും. ഇന്ത്യ പോസ്റ്റ് ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. തിരക്കേറിയ പോസ്റ്റ് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ നിക്ഷേപങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഇത് നിക്ഷേപകരെ സഹായിക്കും.
പ്രത്യേകിച്ച് പിപിഎഫ് (PPF), സീനിയർ സിറ്റിസൺ സേവിങ്‌സ് സ്കീം (SCSS) തുടങ്ങിയ നിക്ഷേപ പദ്ധതികളിൽ ചേർന്നിട്ടുള്ളവർക്ക് ഈ മാറ്റം ഏറെ ഗുണകരമാകും. അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ സമ്പാദ്യം കൃത്യമായ അവകാശികളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഓൺലൈനായി മാറ്റങ്ങൾ വരുത്തുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) വെരിഫിക്കേഷൻ നിർബന്ധമാണ്.
ഇതോടൊപ്പം സേവിങ്‌സ് അക്കൗണ്ട് ഉടമകൾക്കായി പേര് അച്ചടിച്ച പേഴ്സണലൈസ്ഡ് ചെക്ക് ബുക്കുകളും ഇന്ത്യ പോസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ആർഡി (RD) നിക്ഷേപകർക്കും ഈ സൗകര്യം വലിയ ഉപകാരമാകും. മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ മാസവരുമാനം കൈപ്പറ്റാൻ ഇനി പോസ്റ്റ് ഓഫീസുകളിൽ പോയി ക്യൂ നിൽക്കേണ്ടി വരില്ലെന്നതും ശ്രദ്ധേയമാണ്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് പുതിയ ചെക്ക് ബുക്കുകൾ ലഭ്യമാക്കുന്നത്. ഭാവിയിൽ ക്ലെയിം നടപടികൾ വേഗത്തിലാക്കാനും നിക്ഷേപങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനും ഈ ഡിജിറ്റൽ സംവിധാനങ്ങൾ സഹായിക്കും.
Photo and News Source: Kairali News









