ആലപ്പുഴയിൽ നടന്ന വിസ്മയകരമായ നൃത്തപ്രകടനം ചരിത്രത്തിന്റെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 35 ഇനം നൃത്തരൂപങ്ങൾ ഒരേ വേദിയിൽ അവതരിപ്പിച്ചുകൊണ്ട് 'നാട്യ' ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ടാലന്റഡ് ബാങ്കേഴ്സ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിലായിരുന്നു ഈ അപൂർവ്വ കലാവിരുന്ന് അരങ്ങേറിയത്.

വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന 181 കലാകാരന്മാരാണ് ഈ നേട്ടത്തിന് പിന്നിൽ. യാതൊരു ഇടവേളകളുമില്ലാതെ ഒരു മണിക്കൂർ 55 മിനിറ്റ് നീണ്ടുനിന്നതായിരുന്നു ഈ നൃത്തപ്രകടനം. കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, ഓട്ടൻതുള്ളൽ, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ തുടങ്ങി പഞ്ചാബിന്റെ ഊർജ്ജസ്വലമായ ഭാൻഗ്ര നൃത്തത്തിലാണ് പ്രകടനം സമാപിച്ചത്.

ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സ് പ്രതിനിധി സാംജോജിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്രനേട്ടം കൈവരിച്ചത്. കേരളം, രാജസ്ഥാൻ, അസം, മേഘാലയ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തരൂപങ്ങൾ വേദിയിൽ അണിനിരന്നു. കാൽബൈലിയ, സത്രിയ, ഖാസി, സന്താളി, സമ്പൽപുരി, ലംബാഡി, ലാവണി തുടങ്ങിയ നൃത്തരൂപങ്ങൾ കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായി.

നൃത്തപ്രകടനത്തിന് പുറമെ ബാങ്ക് ജീവനക്കാരുടെ ചിത്രപ്രദർശനം, ഫോട്ടോ പ്രദർശനം, ഹ്രസ്വചിത്രമേള എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അനിൽ ഉണ്ണിത്താൻ (പ്രസിഡന്റ്), സ്വപ്നരാജ് (സെക്രട്ടറി), ആർജിത് പ്രദീപ്, ലിനിൽ കെ. ബേബി, മമിത പെരുംഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Photo and News Source: Kerala Kaumudi Latest