നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച വൻ വിമാന അപകടം തലനാരിഴയ്ക്ക് ഒഴിവായത് വലിയ ആശ്വാസമായി. ഇസ്താംബൂളിൽ നിന്നും എത്തിയ ടർക്കിഷ് എയർലൈൻസ് വിമാനം (TK 726) ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരെയും 11 ജീവനക്കാരെയും അടിയന്തര വാതിലുകളിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ അധികൃതർക്ക് സാധിച്ചു. യാത്രക്കാരിൽ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. ആർക്കും പരിക്കുകളില്ലെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെടുകയും പല വിമാനങ്ങളും വഴിതിരിച്ചുവിടുകയും ചെയ്തു. 2015-ലും സമാനമായ രീതിയിൽ ഇതേ വിമാനത്തിന് ഇവിടെ അപകടം സംഭവിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കാഠ്മണ്ഡുവിൽ, സിവിൽ ഏവിയേഷൻ അതോറിറ്റി സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo and News Source: Asianet News









