ഇറാനെതിരെ രൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. 'ഇനി ഇറാൻ ഞങ്ങളെ നോക്കി ചിരിക്കില്ല' എന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനെതിരെ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞ് അമേരിക്ക വീണ്ടും യുദ്ധാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനം ശക്തമാണ്.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രകോപനപരമായ പ്രസ്താവന. നയതന്ത്ര ചർച്ചകളെ അട്ടിമറിക്കാനും ഇറാനെ സാമ്പത്തികമായും സൈനികമായും തകർക്കാനുമുള്ള അമേരിക്കയുടെ നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാൻ അമേരിക്കയോടും ലോകത്തോടും ഒളിച്ചുകളി നടത്തുകയാണെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഇറാൻ മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി വന്നിരിക്കുന്നത്. സമാധാന ചർച്ചകളിലെ ഇറാൻ്റെ ഇടപെടലുകൾ വിശ്വാസയോഗ്യമല്ലെന്ന് വരുത്തിത്തീർക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിലൂടെ പശ്ചിമേഷ്യൻ മേഖലയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന ഇറാൻ്റെ ആവശ്യം ട്രംപ് തള്ളിക്കളഞ്ഞു. യുദ്ധം തുടരുന്ന കാര്യത്തിൽ തങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഈ നിലപാട് പശ്ചിമേഷ്യയെ കൂടുതൽ സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Photo and News Source: Kairali News








