രാജസ്ഥാൻ റോയൽസിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (CSK) ചേക്കേറിയ മലയാളി താരം സഞ്ജു സാംസൺ, തന്റെ ടീം മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നു. താൻ സിഎസ്കെയിൽ ചേർന്നത് ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യമിട്ടല്ലെന്ന് താരം വ്യക്തമാക്കി. അഭിനവ് മുകുന്ദ് അവതാരകനായ ‘സൂപ്പർ കിംഗ്‌സ്’ പോഡ്‌കാസ്റ്റിലാണ് സഞ്ജു ഇക്കാര്യം തുറന്നുപറഞ്ഞത്.
ഒരു പുതിയ ടീമിലേക്ക് മാറുമ്പോൾ ഉപാധികൾ വെക്കുന്നത് ശരിയല്ലെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. "എനിക്ക് നേരത്തെ തന്നെ ഒരു ടീമും അവിടെ വ്യക്തമായ സ്ഥാനവും ഉണ്ടായിരുന്നു. അവിടെ നിന്ന് മാറി മറ്റൊരു ടീമിൽ ചേരാനാണ് ഞാൻ ആഗ്രഹിച്ചത്. ഒരു പുതിയ വീട്ടിലേക്ക് മാറുമ്പോൾ ഉപാധികളുമായി ചെല്ലരുത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്," സഞ്ജു പറഞ്ഞു. ചെന്നൈ ടീം തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ തന്റെ സർവ്വവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സിഎസ്കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെക്കുറിച്ചും സഞ്ജു വാചാലനായി. റുതുരാജ് അനാവശ്യ ജാഡകളില്ലാത്ത, ആത്മവിശ്വാസമുള്ള ഒരു സൂപ്പർസ്റ്റാർ ആണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മറ്റൊരു ടീമിനെ നയിച്ച തന്നെപ്പോലൊരാളെ ടീമിലേക്ക് ക്ഷണിക്കാൻ റുതുരാജ് കാണിച്ച മനസ്സ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. സിഎസ്കെ ജേഴ്സിയിൽ മികച്ച ഫോമിലുള്ള സഞ്ജു, നിലവിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 402 റൺസുമായി ടീമിന്റെ ടോപ് സ്കോററായി തുടരുകയാണ്.
Photo and News Source: Media Mangalam










