പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം കണക്കിലെടുത്ത് പെട്രോളും ഡീസലും അതീവ വിവേകത്തോടെ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളെ പരമാവധി ആശ്രയിക്കണമെന്നും, മെട്രോ ട്രെയിനുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, കോവിഡ് കാലത്ത് ഫലപ്രദമെന്ന് തെളിഞ്ഞ 'വര്‍ക്ക് ഫ്രം ഹോം' രീതിയും ഓണ്‍ലൈന്‍ മീറ്റിംഗുകളും വീണ്ടും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. കൂടാതെ, വിവാഹങ്ങള്‍ക്കും അവധിക്കാല ആഘോഷങ്ങള്‍ക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത വര്‍ധിച്ചുവരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം വിദേശ യാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
Photo and News Source: Samakalika Malayalam









