യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയത്തെ അനുസ്മരിച്ചുകൊണ്ട് മോസ്‌കോയിൽ നടന്ന സൈനിക പരേഡിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈകാതെ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെക്കാൻ സാധിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
യൂറോപ്പിൽ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് പുടിന്റെ നിർണ്ണായക പ്രഖ്യാപനം. യുക്രൈനെതിരായ പോരാട്ടത്തിൽ റഷ്യ വിജയം കൈവരിച്ചതായി പ്രഖ്യാപിച്ച പുടിൻ, തങ്ങൾ നടത്തിയത് നീതിപൂർവ്വമായ യുദ്ധമാണെന്നും കൂട്ടിച്ചേർത്തു. സമാധാന ചർച്ചകൾ സുഗമമാക്കുന്നതിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
യുക്രൈനും റഷ്യയും മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുദ്ധത്തടവുകാരെ പരസ്പരം കൈമാറണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുടിന്റെ ഈ പ്രഖ്യാപനം യാഥാർത്ഥ്യമായാൽ, 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനിക-നയതന്ത്ര പ്രതിസന്ധിക്കാണ് അന്ത്യമാവുക. ശീതയുദ്ധകാലത്ത് ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ആ സാഹചര്യം ജോൺ എഫ് കെന്നഡിയും നികിത ക്രൂഷ്‌ചേവും തമ്മിലുള്ള ചർച്ചകളിലൂടെയാണ് പരിഹരിക്കപ്പെട്ടത്.
Photo and News Source: Siraj Live










