തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിജയിക്ക് ആശംസകൾ നേർന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വിജയ് മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്തമാണെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേരളവും തമിഴ്നാടും ദീർഘകാലമായി സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം തന്റെ ആശംസകുറിപ്പിൽ കൂട്ടിച്ചേർത്തു.

Photo and News Source: Suprabhaatham