പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത്. ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ നിരത്തിയാണ് ഗണേഷ് കുമാര്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. പത്തനാപുരത്ത് ട്വന്റി-20 മത്സരിച്ചതും ഈ ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. വളരെ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിക്ക് അവിടെ വിജയിക്കാന്‍ സാധിച്ചത്. ഈ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പോലും ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ചില്ലെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് മാറിയതാണ് കോണ്‍ഗ്രസിന്റെ വോട്ട് കുറയാന്‍ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.
Photo and News Source: Sathyam Online









