പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ബൈക്ക് ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് ബംഗാൾ പോലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിൽ ധൻബാദുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്നതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) അവിടെയെത്തിയത്.
അന്വേഷണത്തിൽ, കൊലയാളികൾ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് ധൻബാദിലെ ചാസ് നാല ഓഫീസിൽ ജോലി ചെയ്യുന്ന വിഭാസ് ഭട്ടാചാര്യ എന്നയാളുടെ വാഹനത്തിന്റേതാണെന്ന് കണ്ടെത്തി. ബംഗാൾ സ്വദേശിയായ ഇദ്ദേഹം കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ധൻബാദിലേക്ക് സ്ഥലം മാറ്റപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ധൻബാദിലെത്തിയ ബംഗാൾ പോലീസ്, പത്താർദി പോലീസ് സ്റ്റേഷനിൽ വെച്ച് ഭട്ടാചാര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ, കൊലയാളികൾ വിഭാസ് ഭട്ടാചാര്യയുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് മറ്റൊരു ബൈക്കിൽ ഘടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. സംഭവസമയത്ത് താൻ ഓഫീസിലായിരുന്നുവെന്ന് ഭട്ടാചാര്യ മൊഴി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അദ്ദേഹം ഓഫീസിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സാധിച്ചു. പ്രതികൾ ഉപയോഗിച്ച ബൈക്കിന്റെ മോഡലും നിറവും ഭട്ടാചാര്യയുടെ വാഹനത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Photo and News Source: Janmabhumi








