തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിജയ്ക്ക് ആശംസകൾ നേർന്നു.

അധികാരമേറ്റതിന് പിന്നാലെ, താൻ മത്സരിച്ച് വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം വിജയ് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയ് മത്സരിച്ച് വിജയിച്ചിരുന്നു. നിയമപ്രകാരം 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടതുണ്ട്. മന്ത്രി സെങ്കോട്ടയ്യനാണ് വിജയ്‌യുടെ രാജിക്കത്ത് കൈമാറിയത്. ഇനി ആര് ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും തമിഴകവും.

നേരത്തെ, കേവല ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി സത്യപ്രതിജ്ഞ വൈകിപ്പിക്കാൻ ഗവർണർ ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സി.പി.ഐ.എം, സി.പി.ഐ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിന്തുണ ടി.വി.കെ (TVK) ഉറപ്പാക്കിയിട്ടുണ്ട്. സുസ്ഥിരമായ സർക്കാർ രൂപീകരണത്തിനായി ഇടതുപാർട്ടികൾ നിരുപാധിക പിന്തുണയാണ് നൽകിയിരിക്കുന്നത്.

Photo and News Source: Kairali News