അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'സർവ്വം മായ' എന്ന ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് നടി റിയ ഷിബു തന്നോട് കള്ളം പറഞ്ഞുവെന്ന് നടൻ ബേസിൽ ജോസഫ്. ചിത്രത്തിൽ തനിക്ക് പത്ത് മിനിറ്റ് ദൈർഘ്യമുള്ള ചെറിയൊരു വേഷം മാത്രമാണുള്ളതെന്ന് റിയ തങ്ങളോട് പറഞ്ഞിരുന്നുവെന്നും, എന്നാൽ സിനിമ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതെന്ന് മനസ്സിലായതെന്നും ബേസിൽ തമാശരൂപേണ വെളിപ്പെടുത്തി.
ആഗോള ബോക്സ് ഓഫീസിൽ നൂറ് കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് 'സർവ്വം മായ'. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ 'മായ'യെ അവതരിപ്പിച്ചത് റിയ ഷിബുവാണ്. 'അതിരടി' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് ബേസിൽ ഇക്കാര്യം പങ്കുവെച്ചത്. 'അതിരടി'യുടെ ചിത്രീകരണം അവസാനിക്കാറായപ്പോഴാണ് 'സർവ്വം മായ' റിലീസ് ചെയ്തത്.
"സർവ്വം മായയിൽ അഭിനയിക്കുന്ന കാര്യം റിയ ഞങ്ങളോട് പറഞ്ഞിരുന്നില്ല. പിന്നീട് പറഞ്ഞപ്പോൾ പത്ത് മിനിറ്റ് മാത്രമുള്ള ചെറിയ റോളാണെന്നാണ് അവകാശപ്പെട്ടത്. ആ പത്ത് മിനിറ്റ് കാണാൻ വേണ്ടി ഞാൻ തിയേറ്ററിൽ പോയി. എന്നാൽ സിനിമ തീരുന്നത് വരെ റിയ തന്നെയായിരുന്നു സ്ക്രീനിൽ. ടൈറ്റിൽ കഥാപാത്രമായ മായ ഇവളായിരുന്നു. ഞങ്ങളോട് റിയ നുണ പറയുകയായിരുന്നു," ബേസിൽ പറഞ്ഞു.
'മിന്നൽ മുരളി' ടീം വീണ്ടും ഒന്നിക്കുന്ന 'അതിരടി' എന്ന ചിത്രത്തിൽ ബേസിൽ ജോസഫും റിയ ഷിബുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മിന്നൽ മുരളിയുടെ സഹരചയിതാവായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. സാം ബോയ് എന്ന കഥാപാത്രമായി ബേസിലും, ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തിൽ എത്തുന്നുണ്ട്. മെയ് 14-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Photo and News Source: Asianet News









