തൃശൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം. ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടറായ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൂണ്ടൽ-ഗുരുവായൂർ ഹൈവേയിൽ അരിയന്നൂർ പൊന്നരാശേരി മോട്ടോർ വർക്ക് ഷോപ്പിന് എതിർവശത്താണ് ഡോക്ടറുടെ വീട്. എട്ടാം തീയതി രാത്രി 12.50-ഓടെയാണ് മോഷണം നടന്നത്. ഡോക്ടറുടെ ഭാര്യ ഡോ. ബുഷറയുടെ രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
മുകൾ നിലയിലെ ബെഡ്‌റൂമിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. മുകൾ നിലയിലെ വാതിൽ അടച്ചിരുന്നില്ലെന്നും, സ്വർണം സൂക്ഷിച്ചിരുന്ന അലമാര താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നില്ലെന്നും വീട്ടുകാർ വ്യക്തമാക്കി. അലമാരയിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വീടിനുള്ളിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാവ് വീട്ടിൽ കയറി പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Photo and News Source: Samakalika Malayalam









