കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകളിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം വിസമ്മതിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നൽകിയേക്കും. കെ.സി. വേണുഗോപാൽ പരിഗണനാ പട്ടികയിലുള്ളതാണ് രാഹുൽ ഗാന്ധിയുടെ ഈ നിലപാടിന് കാരണമെന്നാണ് സൂചന.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരടങ്ങുന്ന കേരള നേതാക്കൾ ഇന്ന് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ തെരുവിലിറങ്ങി. കൊച്ചിയിലും കോഴിക്കോടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ പ്രകടനങ്ങളും ഹോർഡിംഗുകളും ഉയർന്നു. കളമശ്ശേരിയിൽ സതീശനെ പിന്തുണച്ച് കൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടി ഉടൻ ഉണ്ടാകില്ലെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ളവർ നടപടിക്കെതിരെ രംഗത്തെത്തിയതോടെയാണ് ഈ തീരുമാനം. ഇതിനിടെ, തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്ത് വി.ഡി. സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡിൽ 'കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പാർട്ടിയിലെ കീഴ്വഴക്കങ്ങൾ പാലിച്ച് മാത്രം പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചേക്കും. കേരളത്തിൽ നിന്നുള്ള നേതാക്കൾ ഖർഗെയുമായി ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം പുറത്തുവരൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Photo and News Source: Newsthen










