കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണപ്പറക്കലുകൾക്ക് ഇന്ന് തുടക്കമാകും. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് ഈ പരീക്ഷണ പറക്കലുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പരീക്ഷണപ്പറക്കലിനായി സ്പൈസ് ജെറ്റിന്റെ വിമാനം ഇതിനകം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. കനേഡിയൻ നിർമ്മിത വൈക്കിങ് ഡിഎച്ച്സി-6-400 ട്വിൻ ഓട്ടർ ഇരട്ട എഞ്ചിൻ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇരുപത് പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ഈ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദ്വീപുകളിലേക്കുള്ള യാത്രയ്ക്ക് ഏകദേശം ഒരു മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.
സ്കൈഹോപ് എന്ന കമ്പനിയാണ് പരീക്ഷണപ്പറക്കലിന് നേതൃത്വം നൽകുന്നത്. ഡിജിസിഎ ഉദ്യോഗസ്ഥരും വിമാനത്തിൽ പരിശോധനയ്ക്കായി ഉണ്ടാകും. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് യാത്രാ സർവീസുകളുടെ തീയതി ഡിജിസിഎ ഔദ്യോഗികമായി പ്രഖ്യാപിക്കും. ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പാണ് പരീക്ഷണപ്പറക്കലിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
പരീക്ഷണപ്പറക്കൽ നടക്കുന്ന ദിവസങ്ങളിൽ ദ്വീപുകളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫയർ സർവീസ് സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിനായി പരിശീലനം ലഭിച്ച ജീവനക്കാരുള്ള സുരക്ഷാ ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ലാൻഡിങ്, ടേക്ക് ഓഫ് വേളകളിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിച്ച പ്രത്യേക ബോട്ടുകൾ അതതു ദ്വീപുകളിലെ പോർട്ട് അസിസ്റ്റന്റുമാർ ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo and News Source: Sathyam Online









