വ്യാജരേഖകൾ ചമച്ച് അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബിനെ ഗാസിയാബാദിൽ വെച്ച് എറണാകുളം റൂറൽ പൊലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഡൽഹി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഇയാൾ ഗാസിയാബാദിലേക്ക് ഒളിത്താവളം മാറ്റുകയായിരുന്നു. പ്രതിയെ കൊച്ചിയിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ അവയവങ്ങൾ വൻ തുകയ്ക്ക് മറിച്ചുവിറ്റാണ് നജീബ് തട്ടിപ്പ് നടത്തിയിരുന്നത്. അവയവദാനത്തിനായി കാത്തിരിക്കുന്ന സമ്പന്നരെ കണ്ടെത്തി, അവരിൽ നിന്ന് പണം വാങ്ങി വ്യാജ രേഖകൾ നിർമിച്ച് അവയവദാതാക്കളെ സംഘടിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. തമിഴ്‌നാട് കേന്ദ്രീകരിച്ചും ഇയാൾക്ക് തട്ടിപ്പ് സംഘങ്ങളുണ്ടെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
ഈ കേസിൽ നജീബിന്റെ ഭാര്യയും കുന്നത്തുനാട് സ്വദേശിയുമായ റഷീദയെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾ നിലവിൽ റിമാൻഡിലാണ്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Photo and News Source: Kairali News










