ആലുവയിൽ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ ശ്യാമൾ റോയി, സാബിർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മെയ് അഞ്ചിന് ആലുവയിലെ നവരത്ന ബാറിന് സമീപത്തുവെച്ചാണ് ഇവർ ആക്രമണം നടത്തിയത്. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെടുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സാബിർ ഹുസൈനെ ആലുവയിൽ നിന്നും, മുഖ്യപ്രതി ശ്യാമൾ റോയിയെ പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2014 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയാണ് ശ്യാമൾ റോയ്. പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. ഇയാളുടെ പക്കൽ നിന്നും വീടുകൾ കുത്തിത്തുറക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളും കൈയുറകളും പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Photo and News Source: Kairali News










