ജയ്പൂരിലെ സവായി മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ടീമിന് കരുത്തായത്. 44 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയ ഗിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 190-ലധികം സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഗില്ലിന് മികച്ച പിന്തുണ നൽകിയ സായി സുദർശൻ 36 പന്തിൽ 55 റൺസ് നേടി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തത് രാജസ്ഥാൻ ബൗളർമാരെ പ്രതിരോധത്തിലാക്കി.
അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിങ്ടൺ സുന്ദർ 20 പന്തിൽ പുറത്താകാതെ 37 റൺസ് നേടി സ്കോറിംഗ് വേഗത വർദ്ധിപ്പിച്ചു. രാഹുൽ തെവാട്ടിയ വെറും നാല് പന്തിൽ 14 റൺസ് നേടി മികച്ച ഫിനിഷിംഗ് നൽകി. രാജസ്ഥാൻ ബൗളർമാരിൽ ബ്രിജേഷ് ശർമ്മ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, യശ് രാജ് പുഞ്ചയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജോഫ്ര ആർച്ചർ ഉൾപ്പെടെയുള്ള മറ്റ് ബൗളർമാർക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല.
Photo and News Source: Kairali News








