തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തിൽ ആരാധകർക്ക് ആവേശമായി 'രണബാലി' സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ വീഡിയോ. 'ഞങ്ങളുടെ സ്റ്റാലിയൺ' എന്ന വിശേഷണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനായി വിജയ് കുതിര സവാരി പരിശീലിക്കുന്നതും, ആദ്യം വഴങ്ങാത്ത കുതിരയെ തന്റെ കഠിനാധ്വാനത്തിലൂടെ മെരുക്കിയെടുക്കുന്നതുമായ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ പിരിയോഡിക് ഡ്രാമയിൽ, ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, ചരിത്രത്തിൽ അധികം ഇടംപിടിക്കാത്ത ക്രൂരതകളും വംശഹത്യകളും ചിത്രം ചർച്ച ചെയ്യുന്നു. സർ റിച്ചാർഡ് ടെമ്പിളിന്റെ കാലഘട്ടത്തിലെ സാമ്പത്തിക ചൂഷണങ്ങളും വരൾച്ചയും പ്രമേയമാകുന്ന ചിത്രം ഒരു ബയോപിക് അല്ലെന്നും, മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെ സിനിമാറ്റിക് പുനരാവിഷ്‌കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് ദേവരകൊണ്ടയോടൊപ്പം രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Photo and News Source: Mathrubhumi