സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വേനൽക്കാലത്ത് തേങ്ങ ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപയോടടുത്ത് വരെ എത്തിയിരുന്നു. എന്നാൽ നിലവിൽ വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ കിലോയ്ക്ക് 210 മുതൽ 260 രൂപ വരെയായി കുറഞ്ഞു. വരും ദിവസങ്ങളിലും വില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
ഉത്പാദനം വർധിച്ചതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞതുമാണ് വില കുറയാൻ പ്രധാന കാരണം. ഗൾഫ് വിപണി ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന പല ഉത്പാദന യൂണിറ്റുകളും പ്രവർത്തനം നിർത്തിവെച്ചതോടെ തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത വിപണിയിൽ വർധിച്ചു. കൂടാതെ, കടുത്ത ചൂട് കാരണം തേങ്ങ വേഗത്തിൽ മൂപ്പെത്തിയതും വിപണിയിലേക്ക് കൂടുതൽ വരവിന് വഴിയൊരുക്കി.
പച്ചത്തേങ്ങയുടെ വില കിലോയ്ക്ക് 80-85 രൂപയിൽ നിന്ന് 40-45 രൂപയിലേക്ക് താഴ്ന്നു. ഉണക്കത്തേങ്ങ വില 52 രൂപയായും കൊപ്ര വില 150 രൂപയിൽ താഴെയായും കുറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തിനിടെ പച്ചത്തേങ്ങയ്ക്ക് മാത്രം 40 രൂപയുടെ കുറവാണ് ഉണ്ടായത്. തമിഴ്നാട്ടിലെ കാങ്കയത്തുള്ള മില്ലുടമകൾ വില കുറയുന്നത് കണ്ട് സ്റ്റോക്കുകൾ വിറ്റഴിച്ചതും വില കുറയാൻ കാരണമായിട്ടുണ്ട്.
രാജ്യത്ത് തേങ്ങ ഉത്പാദനത്തിൽ തമിഴ്നാടും കർണാടകയുമാണ് മുന്നിലുള്ളത്. കേരളത്തിൽ തെങ്ങുകളുടെ എണ്ണം വർഷം തോറും കുറഞ്ഞുവരികയാണ്. 2017-18 വർഷത്തിൽ 845.2 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്ന കേരളത്തിൽ, 2023-24 വർഷമായപ്പോൾ അത് 564.7 കോടിയായി ചുരുങ്ങി. അഞ്ചു വർഷത്തിനുള്ളിൽ ഏകദേശം 300 കോടി തേങ്ങയുടെ ഉത്പാദനക്കുറവാണ് സംസ്ഥാനത്തുണ്ടായത്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള തേങ്ങ തമിഴ്നാട്ടിലെ വ്യാപാരികൾ വൻതോതിൽ ശേഖരിക്കുന്നതും കേരളത്തിലെ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
Photo and News Source: Dhanam










