പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച ചരിത്രപരമായ വിജയത്തിന് പിന്നിൽ നിർണ്ണായകമായ രണ്ട് രാഷ്ട്രീയ ഘടകങ്ങളാണുള്ളതെന്ന് തിരഞ്ഞെടുപ്പ് വിശകലനങ്ങൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് അനുകൂലമായി വലിയ തോതിൽ ഏകീകരിക്കപ്പെട്ടതും, തൃണമൂൽ കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായിരുന്ന മുസ്ലീം വോട്ടുകളിൽ ഉണ്ടായ കനത്ത വിള്ളലുമാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയത്.
മുർഷിദാബാദ്, മാൾഡ, ഉത്തർ ദിനാജ്പൂർ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് തൃണമൂൽ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. മുൻകാലങ്ങളിൽ തൃണമൂലിന് പിന്നിൽ ഉറച്ചുനിന്നിരുന്ന മുസ്ലീം വോട്ടുകൾ ഇത്തവണ കോൺഗ്രസ്, ഇടതുപക്ഷം, എഐഎംഐഎം, ഐഎസ്എഫ്, ഹുമയൂൺ കബീറിന്റെ ആം ജനത ഉന്നയൻ പാർട്ടി (എജെയുപി) എന്നിവയ്ക്കിടയിൽ വിഭജിക്കപ്പെട്ടു. വോട്ടുകൾ പലതട്ടിലായതോടെ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും ബിജെപിക്ക് അനായാസ വിജയം നേടാൻ സാധിച്ചു.
മുർഷിദാബാദിലെ ബെൽഡംഗ മണ്ഡലത്തിലെ ഫലം ഈ രാഷ്ട്രീയ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. 63 ശതമാനം മുസ്ലീം വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ ബിജെപിയുടെ ഭരത് കുമാർ ത്സാവർ വിജയിച്ചു. 2021-ൽ 55 ശതമാനം വോട്ട് നേടിയിരുന്ന തൃണമൂൽ കോൺഗ്രസ് ഇത്തവണ 26 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മുസ്ലീം വോട്ടുകൾ മറ്റ് പാർട്ടികൾക്കിടയിൽ വിഭജിക്കപ്പെട്ടപ്പോൾ, തങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിച്ച ബിജെപി വിജയം ഉറപ്പാക്കുകയായിരുന്നു.
സംസ്ഥാനത്തുടനീളം ഹിന്ദു വോട്ടർമാർക്കിടയിൽ ബിജെപി വലിയ സ്വാധീനം ചെലുത്തി. ഭരണവിരുദ്ധ വികാരവും ഹിന്ദു വോട്ടുകളുടെ ഏകീകരണവും ചേർന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ പ്രതിരോധം തകരുകയായിരുന്നു. മുസ്ലീം വോട്ടർമാർ തൃണമൂലിന് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കാതിരുന്നത് ബിജെപിക്ക് ഭരണത്തിലേക്കുള്ള വഴി എളുപ്പമാക്കി. ബംഗാൾ രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന വോട്ട് ബാങ്ക് സമവാക്യങ്ങൾ ഇതോടെ പൂർണ്ണമായും മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്.
Photo and News Source: Sathyam Online










