ഐപിഎൽ താരങ്ങളെ ലക്ഷ്യമിട്ട് ഹണി-ട്രാപ്പ് ഉൾപ്പെടെയുള്ള ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ബിസിസിഐ രംഗത്ത്. ടൂർണമെന്റ് നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏഴ് പേജുള്ള മാർഗനിർദ്ദേശങ്ങളാണ് ബിസിസിഐ എല്ലാ ഫ്രാഞ്ചൈസികൾക്കും നൽകിയിരിക്കുന്നത്. താരങ്ങളെ ബ്ലാക്ക്മെയിലിംഗിനും വഞ്ചനാപരമായ കെണികൾക്കും ഇരയാക്കാൻ സാധ്യതയുണ്ടെന്ന് ബോർഡ് വിലയിരുത്തുന്നു.

ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പുറത്തിറക്കിയ നിർദ്ദേശപ്രകാരം, താരങ്ങളുടെ ഹോട്ടൽ മുറികളിലേക്ക് സന്ദർശകർക്ക് പ്രവേശനം പൂർണമായും നിരോധിച്ചു. ഇനി മുതൽ സന്ദർശകരുമായുള്ള കൂടിക്കാഴ്ചകൾ ഹോട്ടൽ ലോബിയിലോ പൊതുസ്ഥലങ്ങളിലോ മാത്രമേ അനുവദിക്കൂ. ടീം മാനേജരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു അതിഥിക്കും കളിക്കാരുടെ മുറിയിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

താരങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടെയും സുരക്ഷ മുൻനിർത്തി, ഔദ്യോഗിക താമസസ്ഥലത്തിന് പുറത്തേക്ക് പോകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ സെക്യൂരിറ്റി ലെയ്സൺ ഓഫീസറുടെയോ ഇന്റഗ്രിറ്റി ഓഫീസറുടെയോ മുൻകൂർ അനുമതിയില്ലാതെ ആർക്കും പുറത്തുപോകാൻ കഴിയില്ല. ഇത്തരം യാത്രകളുടെ വിവരങ്ങൾ കൃത്യമായി ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നും ബിസിസിഐ നിർദ്ദേശിക്കുന്നു.

ഇക്കാര്യത്തിൽ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പറഞ്ഞത് ഇങ്ങനെയാണ്: 'വലിയ ജനപ്രീതിയുള്ള കായിക പരിസരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന, ആസൂത്രിതമായ ബ്ലാക്ക്മെയിലിംഗിന്റെയും ഹണി-ട്രാപ്പിംഗിന്റെയും അപകടസാധ്യതകളിലേക്ക് ബിസിസിഐ എല്ലാ ഫ്രാഞ്ചൈസികളുടെയും ശ്രദ്ധ ക്ഷണിക്കുന്നു. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ഉൾപ്പെടെയുള്ള കടുത്ത നിയമപരമായ ആരോപണങ്ങൾക്ക് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.' സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിസിസിഐ ഓപ്പറേഷൻസ് ടീം പരിശോധനകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Photo and News Source: Newsthen