പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വ്യോമയാന മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയും കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് നീങ്ങുന്നു. ചെലവുകൾ പരമാവധി കുറയ്ക്കണമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംപെൽ വിൽസൺ ജീവനക്കാർക്ക് അയച്ച കത്തിൽ കർശനമായി നിർദ്ദേശിച്ചു.
പശ്ചിമേഷ്യൻ യുദ്ധം വിമാന ഇന്ധനവിലയിൽ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണയായി വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തോളം മാത്രമായിരുന്ന ഇന്ധനച്ചെലവ്, നിലവിൽ 50 മുതൽ 60 ശതമാനം വരെയായി ഉയർന്നു. കൂടാതെ, പാക്കിസ്ഥാന്റെ ആകാശപാത ഉപയോഗിക്കാൻ കഴിയാത്തതും അന്താരാഷ്ട്ര റൂട്ടുകളിലെ യാത്രാദൈർഘ്യവും ചെലവും വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ 22,000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
പ്രതിസന്ധി ഘട്ടത്തിലും ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ രവീന്ദ്ര കുമാർ ജിപി ഉറപ്പുനൽകി. എന്നാൽ, ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിവരം ജീവനക്കാരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ വ്യോമയാന മേഖല വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിന്റെ ഉദാഹരണമായി 34 വർഷത്തെ പ്രവർത്തനത്തിന് ശേഷം അമേരിക്കയിലെ സ്പിരിറ്റ് എയർലൈൻസ് അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ചതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Photo and News Source: Dhanam










