ഇന്ത്യയുടെ പ്രതിരോധ സേനയുടെ നേതൃനിരയിൽ നിർണായകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ സംയുക്ത പ്രതിരോധ സേനാ മേധാവിയെയും (സി.ഡി.എസ്) നാവികസേനാ മേധാവിയെയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നിലവിലെ സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് വിരമിക്കുന്ന സാഹചര്യത്തിൽ, ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ പുതിയ സി.ഡി.എസ് ആയി നിയമിച്ചു. ഇദ്ദേഹം കേന്ദ്ര സർക്കാരിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും പ്രവർത്തിക്കും.

37 വർഷത്തിലേറെ നീണ്ട മികച്ച സൈനിക പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് ലഫ്റ്റനന്റ് ജനറൽ രാജ സുബ്രമണി. 1985-ൽ ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടി. യുകെയിലെ കിങ്സ് കോളേജിൽ നിന്ന് മാസ്റ്റർ ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്. വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ സങ്കീർണ്ണമായ ഓപ്പറേഷനുകളിൽ നേതൃത്വം നൽകിയ അദ്ദേഹം, കസാകിസ്താനിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡൽ ഉൾപ്പെടെയുള്ള ഉന്നത ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് വിരമിക്കുന്നതിനെത്തുടർന്ന് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പുതിയ നാവികസേനാ മേധാവിയായി ചുമതലയേൽക്കും. 1987-ൽ നാവികസേനയിൽ ചേർന്ന അദ്ദേഹം, ഐ.എൻ.എസ് വിക്രമാദിത്യ ഉൾപ്പെടെയുള്ള സുപ്രധാന യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയുടെ വൈസ് ചീഫ് എന്ന നിലയിലും വെസ്റ്റേൺ നേവൽ കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫ് എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പി.വി.എസ്.എം, എ.വി.എസ്.എം തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Photo and News Source: Mathrubhumi