ഇടുക്കി വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്ക്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഒടുവിൽ സംഘട്ടനത്തിൽ കലാശിച്ചത്. വരന്റെ ബന്ധുക്കളും കേറ്ററിങ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

സംഭവത്തിൽ പരിക്കേറ്റ പൊൻരാജ് (60), സുധ (37), റിധിൻ (17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ തെക്കിനേത്ത് ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമൽ (21) എന്നിവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പീരുമേട് താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ സമയം കേറ്ററിങ് തൊഴിലാളികൾ മേശകൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. ബന്ധുക്കൾ ഇരുന്ന മേശയിൽ ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നും തൊട്ടടുത്തുള്ള മറ്റൊരു മേശയിലേക്ക് മാറണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ഇതാണ് തർക്കത്തിനും തുടർന്ന് സംഘർഷത്തിനും വഴിവെച്ചത്.

തങ്ങൾ മേശ മാറാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് കേറ്ററിങ് ഉടമ തെക്കിനേത്ത് ജിയോ ആരോപിച്ചു. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Photo and News Source: Mathrubhumi