കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന തർക്കങ്ങൾക്കും തെരുവിലെ പ്രതിഷേധങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്തെത്തി. പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണെന്നും, നേതാക്കളും അണികളും സംഘടനാ മര്യാദകൾ പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കത്തിന്റെ പേരിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ പേരിൽ മത്സരിച്ചവരും എം.എൽ.എമാരുമായവർ അദ്ദേഹത്തിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചപ്പോൾ മൗനം പാലിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും, അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയ പലരും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക് അവസാന നിമിഷം വരെ പൊരുതാമെന്നും, എന്നാൽ അത് തെരുവ് യുദ്ധമായി മാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡ് ഒരു തീരുമാനം എടുത്താൽ അതിനെതിരെ ഒരു എതിർ ശബ്ദവും ഉയരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, മുസ്ലീം ലീഗിനെതിരായ മാത്യു കുഴൽനാടന്റെ പരാമർശത്തെയും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കുമെന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Photo and News Source: Kairali News