സർക്കാർ സ്ഥാപനങ്ങൾ ശേഖരിക്കുന്ന ഡേറ്റയിൽ നിന്ന് വരുമാനം കണ്ടെത്താൻ വഴിയൊരുക്കുന്ന സംസ്ഥാന ഡേറ്റാ നയത്തിന്റെ കരട് പുറത്തിറങ്ങി. വിവരങ്ങൾ ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി വരുന്ന വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്. 'ആഭ്യന്തര വിവരങ്ങൾ' എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഡേറ്റ ഉപയോഗിച്ചായിരിക്കും വരുമാനം കണ്ടെത്തുക. ഇതിനായി താൽപ്പര്യമുള്ള സ്ഥാപനങ്ങൾ നിരക്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡേറ്റ ഗവേണൻസ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുണ്ട്.

വിവിധ സർക്കാർ വകുപ്പുകൾ ശേഖരിക്കുന്ന വിവരങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനായി 'സ്റ്റേറ്റ് ഡേറ്റാ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം' എന്ന കേന്ദ്രീകൃത സംവിധാനം നിലവിൽ വരും. സംസ്ഥാന ഐ.ടി. മിഷനായിരിക്കും ഇതിന്റെ മേൽനോട്ടം വഹിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി 'ആക്‌സസ് മാനേജ്‌മെന്റ് സിസ്റ്റം' നടപ്പിലാക്കും. വിവരങ്ങളെ പൊതു, ആഭ്യന്തരം, രഹസ്യം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് കൈകാര്യം ചെയ്യുക. ദേശസുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത് പങ്കുവെക്കാൻ പാടില്ലാത്ത വിവരങ്ങളുടെ 'നെഗറ്റീവ് ലിസ്റ്റ്' പ്രത്യേകം തയ്യാറാക്കും.

ഓരോ വകുപ്പിലും ഐ.ടി. വിദഗ്ധരെ ഉൾപ്പെടുത്തി ഡേറ്റാ മാനേജ്‌മെന്റ് സെല്ലുകൾ രൂപീകരിക്കും. പൊതുസേവനങ്ങൾക്കും നിയമപരമായ ആവശ്യങ്ങൾക്കും വകുപ്പുകൾക്കിടയിൽ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ അനുമതിയുണ്ട്. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങൾക്കോ മൂന്നാം കക്ഷികൾക്കോ വ്യക്തിഗത വിവരങ്ങൾ കൈമാറണമെങ്കിൽ ബന്ധപ്പെട്ട വ്യക്തിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഡേറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല സമിതിയെയും അപെക്സ് കമ്മിറ്റിയെയും നിയമിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു.

Photo and News Source: Mathrubhumi