മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ തീരുമാനങ്ങൾക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കേരള ഹൗസിൽ വൻ സ്വീകരണം. ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ ജെൻസി വിദ്യാർഥികൾ തോളിലേറ്റിയാണ് കേരള ഹൗസിലേക്ക് ആനയിച്ചത്. 'കണ്ണേ കരളേ വി ഡി എസ്സേ' എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവർത്തകരുടെ വരവേൽപ്പ്. യുഡിഎഫ് വിജയം ആഘോഷിക്കാൻ തയ്യാറാക്കിയ കേക്ക് മുറിച്ചാണ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.
സംസ്ഥാനത്ത് വി ഡി സതീശന് അനുകൂലമായി വലിയ തോതിലുള്ള പ്രകടനങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിയോഗിച്ച നിരീക്ഷകർ എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും ചർച്ച നടത്തിയ ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. കെ സി വേണുഗോപാലിന് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നും, ജനവികാരം കൂടി പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അജയ് മാക്കാനും മുകുൾ വാസ്‌നിക്കും നേരിട്ടെത്തിയാണ് മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്ത് പാർട്ടിയെ സമ്മർദ്ദത്തിലാക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നതായും നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Photo and News Source: Siraj Live









