എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം കയ്യിലില്ലാത്തപ്പോൾ പോലും തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നവരെ അടിച്ചമർത്താൻ മുസ്ലീം ലീഗ് ശ്രമിച്ചിട്ടുണ്ടെന്നും, അധികാരത്തിൽ വരുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലുമില്ലെന്ന് താൻ ചൂണ്ടിക്കാട്ടിയതിനെ മുസ്ലീം സമുദായത്തിന് എതിരായ പരാമർശമായി ചിത്രീകരിച്ച് കുപ്രചാരണം നടത്തുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഭരണം ഉപയോഗിച്ച് കോടാനുകോടികൾ കൈക്കലാക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗെന്നും, വരുമാനമുള്ള വകുപ്പുകളെല്ലാം അവർ പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം ആശംസിച്ചു. ചാത്തന്നൂർ നിയുക്ത എം.എൽ.എയും യൂണിയൻ പ്രസിഡന്റുമായ ബി.ബി. ഗോപകുമാറിനെ ചടങ്ങിൽ വെള്ളാപ്പള്ളി ആദരിച്ചു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പി.ടി. മന്മഥൻ, ഷീബ, ഡി. വിപിൻ രാജ്, പി.കെ. പ്രസന്നൻ, പി.എസ്.എൻ. ബാബു, സി.എം. ബാബു, ബേബിറാം സരോവരം, അബിൻ അമ്പാടിയിൽ, പച്ചയിൽ സന്ദീപ് എന്നിവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നന്ദി രേഖപ്പെടുത്തി.
Photo and News Source: Kerala Kaumudi










