അമേരിക്ക, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ ലോകരാജ്യങ്ങളിലെല്ലാം ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ മാത്രം പെട്രോൾ-ഡീസൽ വിലയിൽ കാര്യമായ മാറ്റങ്ങളില്ല. ക്രൂഡ് ഓയിൽ വില 65 ഡോളറിൽ നിന്ന് 120 ഡോളർ വരെ ഉയർന്ന ഘട്ടത്തിലും കേന്ദ്ര സർക്കാർ വില വർധിപ്പിക്കാൻ തയ്യാറായില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകൾ കാരണമാണ് വില കൂട്ടാത്തതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ എങ്കിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വിലയിൽ മാറ്റമില്ലാത്തത് ശ്രദ്ധേയമാണ്.
പൊതുമേഖലാ എണ്ണക്കമ്പനികൾ 6 മുതൽ 10 രൂപ വരെ വില വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഇറാനും അമേരിക്കയും തമ്മിലുള്ള കരാറിലൂടെ ക്രൂഡ് ഓയിൽ വിപണി പഴയ നിലയിലേക്ക് മടങ്ങുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഒപെക് രാജ്യങ്ങളുടെ ഉൽപ്പാദന വർധനവും ക്രൂഡ് വില 70 ഡോളറിന് താഴെ എത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
കഴിഞ്ഞ വർഷങ്ങളിൽ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ ഇന്ത്യയിൽ വില കുറയ്ക്കാതിരുന്നതിലൂടെ ലഭിച്ച ലാഭം ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ, ഇന്ധനവില വർധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും, അത് സാധാരണക്കാരുടെ രോഷത്തിന് വഴിവെക്കുമെന്നും കേന്ദ്രം ഭയപ്പെടുന്നു. ഇന്ധനവില കുറഞ്ഞാലും വിപണിയിലെ സാധനങ്ങളുടെ വില കുറയാത്ത പ്രവണതയും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
നിലവിൽ ഇറാൻ-യുഎസ് സംഘർഷാവസ്ഥയും യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും, വലിയ സംഘർഷങ്ങൾ ഒഴിവായാൽ വില 90 ഡോളറിന് താഴേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഈയൊരു അനുകൂല സാഹചര്യം മുൻകൂട്ടി കണ്ടാണ് സർക്കാർ റിസ്ക് എടുത്ത് കാത്തിരിക്കുന്നത്.
Photo and News Source: Dhanam










