തെലങ്കാനയിലെ സൂര്യപേട്ടിൽ കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഇരുപത്തിനാലുകാരിയായ സരീക്ഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രക്ക് ഡ്രൈവറായ മണിദീപും സരീക്ഷയും ആറ് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.

മദ്യപാനിയായ മണിദീപ് സരീക്ഷയെ നിരന്തരം സംശയിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ സരീക്ഷ മകനുമായി ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. സരീക്ഷ വീട്ടിൽ നിന്നിറങ്ങുമ്പോൾ മണിദീപിന്റെ പണം കൈക്കലാക്കിയെന്ന് ആരോപിച്ച് ഇയാൾ കോടാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ബുധനാഴ്ച പോലീസ് ഇരുവർക്കും കൗൺസിലിംഗ് നൽകിയിരുന്നു.

എന്നാൽ മണിദീപിനൊപ്പം പോകാൻ സരീക്ഷ വിസമ്മതിച്ചു. വ്യാഴാഴ്ച ഇക്കാര്യം എഴുതി നൽകാമെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങിയ സരീക്ഷ ജഗ്ഗയ്യപേട്ടിലേക്ക് പോകാനായി ഓട്ടോ കാത്തുനിൽക്കുമ്പോൾ മണിദീപ് തടയുകയായിരുന്നു. ഓട്ടോയിൽ കയറാൻ ശ്രമിച്ച സരീക്ഷയെ മണിദീപ് ബലമായി വലിച്ചിറക്കി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഭയന്ന സരീക്ഷ അടുത്തുള്ള ചായക്കടയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ മണിദീപ് അവിടെ വെച്ച് സരീക്ഷയെ പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു.

നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അക്രമി പിന്തിരിഞ്ഞില്ല. അമിതമായി രക്തം വാർന്ന സരീക്ഷ സംഭവസ്ഥലത്ത് വെച്ച് തന്നെ അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Photo and News Source: Siraj Live