എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അരൂർ സ്വദേശിയായ സഞ്ജയ് ആണ് കേസിലെ മുഖ്യപ്രതി. ഇയാൾക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവത്തിൽ തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. യുവതിയും ആൺസുഹൃത്തും കെട്ടിടത്തിൽ എത്തിയപ്പോൾ മദ്യപിച്ചെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ വിവസ്ത്രയാക്കി പീഡിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു.
പ്രതികളുടെ പിടിയിൽ നിന്ന് ശക്തമായി ചെറുത്തുനിന്ന യുവതി, കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ നഗ്നയായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി ഹെൽപ്പ്‌ലൈനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ, വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന 'ബ്യു മോണ്ടേ' ഹോട്ടലിലാണ് അതിക്രമം നടന്നത്.
Photo and News Source: Kerala Kaumudi Latest









