ഓഫ്-റോഡ് പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായ ഫോഴ്‌സ് ഗൂർഖയുടെ വിലയിൽ വീണ്ടും വർധനവ്. മഹീന്ദ്ര ഥാറിനോട് മത്സരിക്കുന്ന ഗൂർഖ, ലൈഫ്‌സ്റ്റൈൽ എസ്‌യുവി വിപണിയിൽ തന്റേതായ ഇടം കണ്ടെത്തി മുന്നേറുകയാണ്. 3 ഡോർ, 5 ഡോർ പതിപ്പുകളിൽ ലഭ്യമാകുന്ന ഈ വാഹനം ഇപ്പോൾ ഒരു മികച്ച ഫാമിലി എസ്‌യുവി കൂടിയാണ്. എന്നാൽ, കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടാം തവണയാണ് കമ്പനി ഗൂർഖയുടെ വില ഉയർത്തുന്നത്.

പുതിയ പരിഷ്ക്കാരങ്ങൾ പ്രകാരം 5 ഡോർ ഗൂർഖയുടെ (7 സീറ്റർ) വിലയിൽ 35,646 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 3 ഡോർ പതിപ്പിന് (4 സീറ്റർ) 35,552 രൂപയും വർധിപ്പിച്ചു. ഇതോടെ വാഹനത്തിന്റെ എക്സ്-ഷോറൂം വില 16.31 ലക്ഷം മുതൽ 17.63 ലക്ഷം രൂപ വരെയായി ഉയർന്നു. വില വർധിച്ചെങ്കിലും വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

റെട്രോ സ്റ്റൈൽ സർക്കുലർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോർക്കൽ എന്നിവ ഗൂർഖയുടെ കരുത്തുറ്റ ലുക്ക് നിലനിർത്തുന്നു. ഇന്റീരിയറിൽ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എസി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. എങ്കിലും, പ്രീമിയം ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഗൂർഖ ഇപ്പോഴും പിന്നിലാണ്.

സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നൽകിയിട്ടുണ്ട്. മെഴ്‌സിഡീസിൽ നിന്നുള്ള 2.6 ലിറ്റർ 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിൻ 140 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Photo and News Source: DriveSpark