ജിമ്മില്‍ പോകുന്നവര്‍ക്കും പേശീ വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ എങ്ങനെ ലഭിക്കുമെന്നത് പലരുടെയും പ്രധാന ആശങ്കയാണ്. ഇതിനൊരു പരിഹാരമായി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഹൈ പ്രോട്ടീന്‍ സ്മൂത്തി പരിചയപ്പെടാം.
ഇത് തയ്യാറാക്കുന്നതിനായി രണ്ട് പഴം, 300 മില്ലിലിറ്റര്‍ പാല്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്‌സ്, രണ്ട് ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍, ആറ് ബദാം, മൂന്ന് ഈന്തപ്പഴം, ഒരു ടീസ്പൂണ്‍ തേന്‍, ആവശ്യത്തിന് ഐസ് ക്യൂബ് എന്നിവ ആവശ്യമാണ്. ആദ്യം ഓട്‌സും ബദാമും പത്തു മിനിറ്റ് പാലില്‍ കുതിര്‍ത്തു വെക്കുക. ഇത് സ്മൂത്തിക്ക് നല്ല മൃദുത്വം ലഭിക്കാന്‍ സഹായിക്കും.
തുടര്‍ന്ന് കുതിര്‍ത്തുവെച്ച മിശ്രിതവും പഴം, ബാക്കി പാല്‍, പീനട്ട് ബട്ടര്‍, ഈന്തപ്പഴം, തേന്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ ഒരു മിനിറ്റ് നന്നായി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് മാറ്റിയ ശേഷം മുകളില്‍ നട്ട്‌സ് വിതറി ഉപയോഗിക്കാം. ഏകദേശം 22 ഗ്രാം പ്രോട്ടീനും 650 കലോറിയും ഈ പാനീയത്തിലൂടെ ശരീരത്തിന് ലഭിക്കും.
ജിമ്മിലെ വര്‍ക്ക് ഔട്ടിന് ശേഷം ഈ സ്മൂത്തി കുടിക്കുന്നത് മസില്‍ റിക്കവറിക്കും കരുത്ത് വര്‍ധിപ്പിക്കാനും ഏറെ ഗുണം ചെയ്യും. രാവിലെ ജിമ്മില്‍ പോകുന്നവര്‍ക്ക് ഇത് മികച്ചൊരു പ്രഭാതഭക്ഷണമായും ഉപയോഗിക്കാം. ദിവസവും ശരീരത്തിന് ആവശ്യമായ ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ ഈ സ്മൂത്തി സഹായിക്കും.
Photo and News Source: Kairali News









