സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ്, ഭാര്യ കൗസര്‍ബി, തുളസീറാം പ്രജാപതി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കോടതിയുടെ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. കേസില്‍ പ്രതികളായിരുന്ന 22 പേരെ വെറുതെവിട്ടുകൊണ്ട് 2018-ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൊഹ്‌റാബുദ്ദീന്റെ സഹോദരങ്ങളായ റുബാബുദ്ദീന്‍, നയാബുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ഹൈക്കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം എ. അങ്കാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏഴ് വര്‍ഷത്തോളമായി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഈ അപ്പീലുകളിലാണ് ഇപ്പോള്‍ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്. കേസില്‍ വിശദമായ വിധിന്യായം പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 21 പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.

2005 നവംബറില്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സൊഹ്‌റാബുദ്ദീനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിന് ഒരു വര്‍ഷത്തിന് ശേഷം 2006 ഡിസംബറിലാണ് തുളസീറാം പ്രജാപതി കൊല്ലപ്പെട്ടത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തിരുന്നുവെങ്കിലും, ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തി 2014-ല്‍ കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നു.

Photo and News Source: Suprabhaatham